Kerala
മലയാറ്റൂർ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടനം നടത്തി.
രാവിലെ ആറോടെ മലയടിവാരത്ത് എത്തിയ മേജർ ആർച്ച്ബിഷപ്പിനെ റോജി എം. ജോൺ എംഎൽഎ, കൈക്കാരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയിൽ എത്തിയ മാർ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു.
കുരിശുമുടി പള്ളിയിൽ പ്രാർഥന നടത്തിയശേഷം പൊൻകുരിശും മാർത്തോമ്മാ ശ്ലീഹായുടെ കാൽപ്പാദവും വണങ്ങി. തന്നെ സമീപിച്ച വിശ്വാസികൾക്ക് ആശീർവാദം നല്കിയാണ് മേജർ ആർച്ച്ബിഷപ് മലയിറങ്ങിയത്.
മലയിറങ്ങുമ്പോൾ, കുരിശുമുടിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട മാർ തട്ടിൽ അവരുമായി സൗഹൃദം പങ്കുവയ്ക്കുകയും അവർക്കായി പ്രാർഥന നടത്തുകയും ചെയ്തു.
സീറോമലബാർ സഭയിലെ വൈദികരും സന്യസ്തരും മേജർ ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. 2019ലാണ് മാർ തട്ടിൽ അവസാനമായി കുരിശുമുടി തീർഥാടനം നടത്തിയത്. അന്ന് തൃശൂരിൽനിന്ന് കാൽനടയായാണ് എത്തിയത്.
Kerala
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്സും സ്കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.
മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.
ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽനിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.
ബൈബിൾ കൺവൻഷൻ 26 മുതൽ
മലയാറ്റൂർ തിരുനാളിനൊരുക്കമായ 43 -ാമത് ബൈബിൾ കൺവൻഷൻ ഈമാസം 26, 27, 28 തീയതികളിൽ നടക്കും.
26 ന് വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.
വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
District News
കൊച്ചി: മലയാറ്റൂര് നക്ഷത്ര തടാകം മെഗാ കാര്ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല് ഗതാഗത നിയന്ത്രണം. വാഹനങ്ങള് പ്രത്യേകം തയാറാക്കിയ പാര്ക്കിംഗ് ഏരിയയില് മാത്രം പാര്ക്ക് ചെയ്യണം. മലയാറ്റൂര് പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല് അടിവാരം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള് പാര്ക്ക് ചെയ്യാന് പാടില്ല.
വലിയ വാഹനങ്ങള് കോടനാട് - മലയാറ്റൂര് പാലത്തിന്റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന് പാടില്ല. അനധികൃതമായി പാര്ക്ക് ചെയ്യുന്ന വാഹനങ്ങള് കണ്ടുകെട്ടുകയും ആര്സി ഉടമയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്കൂര് അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര് തുടങ്ങിയ വാഹനങ്ങള് ഈ വഴി ഉപയോഗിക്കാന് പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മലയാറ്റൂര് കാര്ണിവലിന് തൃശൂര്, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര് അങ്കമാലി ടിബി ജംഗ്ഷന്, തുറവൂര്, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്, നീലീശ്വരം വഴി വേണം മലയാറ്റൂര് അടിവാരത്ത് എത്താന്. കാലടി ഭാഗത്ത് നിന്നുള്ളവര് മേക്കാലടി, നീലീശ്വരം വഴി എത്തണം.
പെരുമ്പാവൂര് ഭാഗത്ത് നിന്നുള്ളവര് കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര് പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്ക്ക് കീഴില്ലം ഷാപ്പുപടിയില് തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര് പാലം വഴി എത്താം.
കോതമംഗലം ഭാഗത്ത് നിന്നുള്ളവര് കുറുപ്പംപടി ജംഗ്ഷനില് തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര് പാലം വഴിയും മലയാറ്റൂര് അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്നട യാത്രക്കാരെയും കാര്ണിവല് സ്ഥലത്തേക്ക് കടത്തി വിടില്ല.
അതേസമയം, മലയടിവാരത്ത് 110 ഏക്കര് വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര് കാര്ണിവലിന്റെ പ്രധാന ആകര്ഷണം. 60 അടിയുള്ള കൂറ്റന് പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്ഷ പിറവിയില് പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.
Kerala
കാലടി: ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന മലയാറ്റൂർ മുണ്ടമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ പ്രതിയായ അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരം.
22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണു പെണ്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. കൊലപാതകസ്ഥലത്ത് എത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെ അലന് കൊലപാതകരീതി പോലീസിനോട് വിശദീകരിച്ചു. ചിത്ര പ്രിയയെ കൊലപ്പെടുത്താൻ താൻ മുമ്പും ശ്രമിച്ചിരുന്നതായും അലൻ വെളിപ്പെടുത്തി.
കൊലപാതകത്തിനുശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്നും അലൻ പോലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണു പോലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. ചിത്ര പ്രിയയെ കഴിഞ്ഞ ഒമ്പതിനാണ് മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നീട് ആൺസുഹൃത്തായ അലനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചിത്ര പ്രിയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കാര്യം അലൻ സമ്മതിക്കുകയുമായിരുന്നു. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.
Kerala
മലയാറ്റൂർ: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബംഗളൂരുവിൽ. ചിത്രപ്രിയയുടെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്.
കേസിലെ പ്രതി അലന്റെയും ചിത്രപ്രിയയുടേയും ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്ത ദിവസം തെളിവെടുപ്പിന് എത്തിക്കും. കൃത്യത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
Kerala
മലയാറ്റൂർ: ചിത്രപ്രിയ കൊലപാതകത്തിൽ പോലീസിന്റെ വാദങ്ങൾ തള്ളി പെൺകുട്ടിയുടെ ബന്ധു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്നാണ് ബന്ധു പറയുന്നത്. ചിത്രപ്രിയയുടെ ബന്ധുവായ ശരത് ലാൽ എന്ന യുവാവാണ് പോലീസിന്റെ കണ്ടെത്തലുകളിൽ സംശയമുന്നയിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞ കാര്യങ്ങളിൽ പലതിലും കളവ് ഉണ്ടെന്നും ശരത് പറയുന്നു.
പോലീസ് പുറത്തുവിട്ട പള്ളിയുടെ മുന്നിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല. അത് വേറെ ഏതോ ആൾക്കാരണെന്നും അത് ആരാണെന്ന് കണ്ടെത്തണമെന്നും എന്തിനാണ് ആ സമയത്ത് അവർ അവിടെ എത്തിയതെന്ന് പരിശോധിക്കണമെന്നും ശരത് പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ ചിത്രപ്രിയ മരിച്ചത് ഏകദേശം ഏഴുമണിക്കും എട്ടിനും ഇടയിലാണെന്നും അദ്ദേഹം പറയുന്നു. അയ്യപ്പൻവിളക്ക് നടക്കുന്ന സമയം ആയതിനാൽ പെൺകുട്ടി ആ പരിപാടിയിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവളെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്നു തന്നെ പോലീസിൽ പരാതി നൽകി.
പോലീസിൽ നിന്നും സൈബർസെല്ലിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് മലയാറ്റൂർ പെട്രോൾ പമ്പിന് അടുത്താണ് അവസാനമായി മൊബൈൽ സിഗ്നൽ ഉണ്ടായിരുന്നതെന്ന് കാണിച്ചത്. തുടർന്ന് അവിടെ സമീപപ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി. എന്നാൽ യാതൊന്നും അവിടുന്ന് ലഭിച്ചില്ല. പോലീസ് നൽകിയതിൽ പല തെറ്റായ കാര്യങ്ങളും കുടുംബം വിശ്വസിച്ചു. പല സിസിടിവി ദൃശ്യങ്ങളിലും മരിച്ച പെൺകുട്ടിയെയും പ്രതിയേയും കണ്ടു എന്നു പോലീസ് പറഞ്ഞതിനാൽ ഇവർ ഒളിച്ചോടിയെന്നാണ് കരുതിയതെന്നും ശരത് പറയുന്നു.
എന്നാൽ പോലീസിന്റെ തെറ്റായ വിവരങ്ങൾ കാരണം കുടുംബത്തിന് ലഭിച്ചത് മൂന്നുദിവസം പഴക്കം ചെന്ന ചിത്രപ്രിയയുടെ മൃതദേഹമാണെന്നും അദ്ദേഹം ആരോപിച്ചു.